ഫ്ലോറിഡ: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളോഡിമിർ പുടിനെ ട്രംപ് ഫോണിൽ വിളിച്ച് ചർച്ച നടത്തിയിരുന്നു.
ഇരുപതിന സമാധാന പദ്ധതിയിൽ പുരോഗതിയുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം ട്രംപും സെലൻസ്കിയും പ്രതികരിച്ചു. പുടിനുമായി ഫോണിൽ സംസാരിച്ചെന്നും റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. മികച്ച സംഭാഷണമായിരുന്നുവെന്ന് ട്രംപും ഫലപ്രദമായ ചർച്ചയാണ് നടന്നതെന്ന് റഷ്യയും പ്രതികരിച്ചു.
മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്ത് നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലുള്ള ട്രംപിന്റെ റിസോർട്ടിലായിരുന്നു ട്രംപ് സെലൻസ്കി കൂടിക്കാഴ്ച.
യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവർത്തിച്ച സെലൻസ്കി തുടർ ചർച്ചകൾക്ക് സന്നദ്ധനെന്നും വ്യക്തമാക്കി. വമ്പൻ പ്രഖ്യാപനങ്ങളില്ലെങ്കിലും യുദ്ധം ഇനി അധിക കാലം നീളില്ലെന്നാണ് ട്രംപിന്റെ അവകാശവാദം. ഇരുപതിന സമാധാന പദ്ധതി അംഗീകരിക്കപ്പെടുന്നതിൽ പ്രധാന തടസം പിടിച്ചെടുത്ത ഭൂമിയെ ചൊല്ലി ധാരണ ആകാത്തതാണെന്നും ട്രംപ് പറഞ്ഞു.